ഒരുകാലത്ത് ബോളിവുഡിനും തമിഴിനും തെലുങ്കിനും ഒക്കെ മാത്രം അവകാശപ്പെട്ടതായിരുന്നു കോടി ക്ലബുകള്‍. ഇപ്പോള്‍ ആ ക്ലബിന്റെ പവര്‍ ഓഫ് അറ്റോര്‍ണി മലയാളത്തിന് സ്വന്തമാണ്.
ഇപ്പോഴിതാ കോടി ക്ലബ്ബിലേക്ക് പുതിയൊരു എന്‍ട്രി കൂടി എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം ആണ് ആ ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ എത്തിയ ചിത്രത്തില്‍ രംഗന് എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ കസറിയപ്പോള്‍, കോടി കിലുക്കത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തേരോട്ടം ആണ് നടത്തിയത്. ഇപ്പോള്‍ 100 കോടി ക്ലബ്ബിലും ചിത്രം ഇടംനേടിയിരിക്കുകയാണ്. മലയാളത്തില്‍ ഫഹദിന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മോളിവുഡിലെ ഏഴാമത്തെ നൂറ് കോടി ക്ലബ്ബ് സിനിമയാണ് ആവേശം. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്, ലൂസിഫര്‍, പ്രേമലു, ആടുജീവിതം എന്നിവയാണ് മറ്റ് സിനിമകള്‍. ഈ വര്‍ഷത്തെ മൂന്നരമാസം പിന്നിടുമ്പോള്‍ മലയാളത്തില്‍ ഇറങ്ങിയത് 51 ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം ചേര്‍ന്ന് ആഗോള ബോക്സോഫീസില്‍ നേടിയത് 750 കോടിയോളം രൂപയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ചാകരയാണ് ഇതെന്ന് പറയാം.
കേരളത്തിന് പുറത്തുള്ള കളക്ഷനില്‍ മലയാള സിനിമ സമീപകാലത്ത് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏറെ മലയാളികളുള്ള ചെന്നൈയിലും ബംഗളൂരുവിലും മലയാള സിനിമകളുടെ റിലീസ് ഏറെ മുന്‍പേ ഉള്ളതാണെങ്കിലും മള്‍ട്ടിപ്ലെക്സുകളുടെ ഇക്കാലത്ത് സ്ക്രീന്‍ കൗണ്ടില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ മലയാളികളല്ലാത്തവരും മലയാള സിനിമകള്‍ തിയേറ്ററുകളിലെത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും മറുഭാഷാ പ്രേക്ഷകരില്‍ സൃഷ്ടിച്ച സ്വാധീനം ഇതിന് ഉദാഹരണമാണ്.
മലയാള സിനിമയുടെ മൊത്തം കളക്ഷന്റെ 50 ശതമാനത്തിന് അടുത്ത് വിദേശത്ത് നിന്നും വരുന്നതാണ്. തീയറ്റര്‍ റിലീസ് സംബന്ധിച്ച് മലയാളത്തിന് വലിയ സാധ്യതകളാണ് ഈ കണക്കുകള്‍ തുറന്നിടുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ മൂന്നര മാസത്തില്‍ മലയാള ചിത്രങ്ങള്‍ നേടിയത് 374.14 കോടിയാണ്. ബോളിവുഡും, തെലുങ്കും കഴിഞ്ഞാല്‍ മലയാളമാണ് ഇത്തവണ ഇന്ത്യന്‍ ബോക്സോഫീല്‍ മുന്നില്‍. ആഗോള തലത്തില്‍ വലിയ റിലീസിംഗ് സാധ്യതകള്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും പ്രയോജനപ്പെടുത്തിയാല്‍ ആദ്യമായി ഒരു വര്‍ഷത്തില്‍ 1000 കോടിയുടെ വരവ് മലയാള സിനിമയ്ക്ക് രേഖപ്പെടുത്താന്‍ കഴിയും.
Recent Comments