കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആ നാല് ചിത്രങ്ങളും രമേശ് ഞങ്ങള്‍ക്ക് അയച്ചുതന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്ത ഗോള്‍ഡ് എന്ന സിനിമയുടെ പോസ്റ്ററാണ്. മോഹന്‍ലാലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ. ഇപ്പോള്‍ ആ സിനിമയെക്കുറിച്ചോര്ക്കാന് പ്രത്യേകിച്ചൊരു കാരണമുണ്ടായി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഗോള്‍ഡ് എന്നാണ്. പഴയ ‘ഗോള്‍ഡി’നെ ഓര്‍മ്മിക്കാന്‍ അതുതന്നെ ധാരാളമായിരുന്നു.
ഏഴെട്ട് വര്ഷങ്ങള്ക്കെങ്കിലും മുമ്പാണ്. അന്നത് വലിയ വാര്‍ത്തയായിരുന്നു. താരബാഹുല്യം കൊണ്ടും മാത്രമല്ല, സബ്ജക്ടിനും മഹിമയുണ്ടായിരുന്നു. മലയാളത്തില്‍ അതിനുമുമ്പ് സ്പോര്‍ട്ട്സിനെ അധീകരിച്ചൊരു സിനിമ ഉണ്ടായിട്ടില്ല. ഹിന്ദിയില്‍ ദംഗല്‍ ഇറങ്ങുന്നതിനും മുമ്പാണ് ഇത്തരമൊരു ആലോചന ഉണ്ടായതെന്ന് ഓര്‍ക്കണം.
ഇപ്പോഴും ഓര്‍മ്മയുണ്ട്, കായിക പരിശീലകന് ഒ.എം. നമ്പ്യാരുടെ വേഷമായിരുന്നു മോഹന്‍ലാലിന്. കായിക മന്ത്രാലയത്തിലെ സിഇഒയുടെ വേഷമായിരുന്നു പൃഥ്വിക്ക്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. കായികമന്ത്രിയുടെ വേഷമായിരുന്നു കുഞ്ചാക്കോ ബോബന്. ഫഹദ് ഫാസിലാകട്ടെ കായികതാരമായിട്ടുതന്നെയാണ് അഭിനയിക്കുന്നത്. കേരളത്തിലെ നാല് വനിതാ അത്ലറ്റുകള് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്നതും അവര്‍ സ്വര്‍ണ്ണം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പി.ടി. ഉഷ, ഷൈനി എബ്രഹാം, എം.ടി. വത്സമ്മ, വന്ദന റാവു അവരായിരുന്നു യഥാര്‍ത്ഥ കഥയിലെ നായികമാര്‍. സിനിമയില്‍ ആ വേഷം പാര്‍വ്വതിക്കും റിമാ കല്ലുങ്കലിനും കാര്‍ത്തികയ്ക്കും പിന്നെ ഓഡിഷനിലൂടെ കണ്ടെത്തിയ ഒരു താരത്തിനുമായി മാറ്റിവയ്ക്കപ്പെട്ടു.
ശങ്കര്‍ രാമകൃഷ്ണനായിരുന്നു ഗോള്‍ഡിന്റെ തിരക്കഥാകൃത്ത്. സംവിധായകന് രാജേഷ് പിള്ളയും. ട്രാഫിക്കിന്റെ ഉജ്ജ്വല വിജയത്തെത്തുടര്‍ന്ന് രാജേഷ് കത്തിനില്‍ക്കുന്ന സമയം കൂടിയാണ്. രാജേഷ് പിള്ളയ്ക്കുവേണ്ടി ശങ്കര്‍ രാമകൃഷ്ണന് എഴുതിയ തിരക്കഥയായിരുന്നു ഗോള്‍ഡിന്റേത്. ആഗസ്റ്റ് സിനിമയാണ് ഗോള്‍ഡ് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നത്. സന്തോഷ് ശിവനും പൃഥ്വിരാജും ഷാജി നടേശനുമാണ് അന്ന് ആഗസ്റ്റ് സിനിമയുടെ സാരഥികള്‍. മോഹന്‍ലാല്‍ കൂടി ഗോള്‍ഡിന്റെ ഭാഗമായതോടെ ആശിര്‍വാദ് സിനിമാസും ആ പ്രോജക്ടിനൊപ്പം സഹകരിക്കാന്‍ ഒരുക്കമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ വെടിപ്പായി മുന്നേറുന്നിടയിലാണ് രാജേഷ് പിള്ള അസുഖബാധിതനാകുന്നത്. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. താരങ്ങളുടെ ഡേറ്റ് ക്ലാഷുകളുണ്ടായി. പിന്നീട് ഒരു തരത്തിലും ആ സിനിമ മുന്നോട്ട് പോകാതെയായി. രാജേഷ് പിള്ളയുടെ മരണത്തോടെ ഗോള്‍ഡും ഒരു ഓര്‍മ്മയായി.
പക്ഷേ ആ സിനിമയുടെ നോവല്റ്റിക്ക് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ശങ്കര്‍ രാമകൃഷ്ണന് കാന്‍ ചാനലിനോട് പറഞ്ഞു.
‘കായികവേദിയില്‍ ചെറിയ വിജയങ്ങള്‍ നേടിയവരുടെപോലും ബയോപിക്കുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്. പക്ഷേ ഇത് അങ്ങനെയല്ല. ഒരു കാലത്ത് ഇന്ത്യന്‍ കായികലോകത്തിന്റെ പേരും പെരുമയും ലോകത്തിനുമുന്നില്‍ എത്തിച്ച നാല് വനിതാ അത്ലറ്റുകളുടെ കഥയാണ്. അവരുടെ ജീവിതമാണ്. അവരുടെ കഷ്ടപ്പാടുകളാണ്. അവരുടെ ആത്മസംഘര്‍ഷങ്ങളാണ്. അവരെ സഹായിക്കാന്‍ ഒപ്പം നിന്ന കായികലോകത്തിലെ അതികായകന്മാരുടെ കഥകൂടിയാണ്. അന്നത്തെ കാലത്ത് ഇങ്ങനെയൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തെക്കുറിച്ച് സങ്കല്പ്പിക്കാന്പോലുമായിരുന്നില്ല. എന്നിട്ടും അതിന്റെ മുന്നൊരുക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. നിര്‍ഭാഗ്യവശാല്‍ അത് നിന്നുപോയി. പക്ഷേ ഇന്നും അതിന് സാധ്യതകളേറെയാണ്. പരിണിതപ്രജ്ഞനായ ഒരു സംവിധായകന് ആ പ്രൊജക്ട് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. വെബ് സീരീസിനും അനന്തമായ സാധ്യതകളുണ്ട്.’ ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു.
പക്ഷേ ആഗസ്റ്റ് സിനിമയുടെ ഇപ്പോഴത്തെ മുഖ്യ സാരഥി ഷാജി നടേശന്റെ അഭിപ്രായം മറ്റൊന്നാണ്.
‘അതേ താരനിരയെ നിലനിര്‍ത്തി ആ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്നറിയില്ല. കാലം കുറേയേറെയായില്ലേ. മാറ്റങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിനെ അംഗീകരിച്ചേ മതിയാകൂ. പക്ഷേ ചിലര്‍ക്കെങ്കിലും പകരക്കാരെ വെച്ച് ആ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍തന്നെയാണ് ആഗ്രഹം.’ ഷാജി നടേശന് പറഞ്ഞു.
‘ഗോള്‍ഡ് എന്ന പേരില്‍ ചേംബറില്‍ ആദ്യം ആ പേര് രജിസ്റ്റര്‍ ചെയ്തത് ആഗസ്റ്റ് സിനിമയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ അത് പുതുക്കണമെന്നാണ് നിയമം. അതിന് കഴിയാതെപോയി. അതാണ് അല്‍ഫോണ്‍സ് പുത്രന് ആ ടൈറ്റില്‍ ലഭിക്കാന്‍ ഇടയായത്. അതുകൊണ്ട് വിഷമമില്ല. മറ്റൊരു പേരില്‍ ആ സിനിമ ചെയ്യാന്‍തന്നെയാണ് പദ്ധതി.’ ഷാജി കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments