മൂന്ന് ദിവസം മുമ്പാണ് ഒ.എന്‍.വി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചത്. കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവാണ് പുരസ്കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രഭാവര്‍മ്മയും ആലംകോട് ലീലാകൃഷ്ണനും അനില്‍ വള്ളത്തോളുമടങ്ങിയ സമിതിയാണ് വൈരമുത്തുവിനെ തെരഞ്ഞെടുത്തത്. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 3 ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒ.എന്‍.വി സാഹിത്യ പുരസ്കാരം. മലയാളത്തിനും മലയാളേതര ഇന്ത്യന്‍ ഭാഷകള്‍ക്കും മാറിമാറി നല്കുന്ന സാഹിത്യപുരസ്കാരമാണിത്.
അവാര്‍ഡ് പ്രഖ്യാപനത്തെ പുരസ്കാര ജേതാവടക്കം അനേകം പേര് സഹര്‍ഷം സ്വാഗതം ചെയ്തു. അര്‍ഹിക്കുന്ന കരങ്ങളിലേയ്ക്കാണ് അത് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് പൊതുവെ വിലയിരുത്തലുകളുമുണ്ടായി.
എന്നാല്‍ ചില അപസ്വരങ്ങള്‍ ഇതിനിടയില്‍ ഉയരാതിരുന്നില്ല. ഗായിക കൂടിയായ ചിന്മയി ശ്രീപദയാണ് ആദ്യം വിമര്‍ശനസ്വരം ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ കവയത്രികൂടിയായ മീനാ കന്തസ്വാമിയും ആ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. മലയാളത്തില്‍നിന്ന് നോവലിസ്റ്റ് കെ.ആര്. മീരയാണ് ഇവരെ പിന്തുണച്ചുകൊണ്ട് ആദ്യം മുന്നോട്ട് വന്നത്. പിന്നീട് അഞ്ജലി മേനോനും പാര്‍വ്വതി തിരുവോത്തും റിമാകല്ലുങ്കലും ഗീതു മോഹന്‍ദാസും ഈ വിമര്ശനസ്വരങ്ങളോടൊപ്പം അണിചേര്‍ന്നു.
ഏതെങ്കിലും വ്യക്തിവിരോധങ്ങളുടെ പേരിലല്ല ഇവരാരും വൈരമുത്തുവിനെതിരെ നിലപാട് സ്വീകരിച്ചത്. മീ ടു ആരോപണം നേരിടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വൈരമുത്തുവിനെപ്പോലൊരാള്ക്ക് നല്‍കേണ്ടതല്ല ഒ.എന്‍.വിയുടെ പേരിലുള്ള പുരസ്കാരമെന്നാണ് ഇവരുടെ നിലപാടും തീരുമാനവും.
2018 ല്‍ ഗായികയായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ മീ ടു ആരോപണവുമായി ആദ്യം രംഗത്തെത്തുന്നത്. ഭുവന ശേഷനും സമാനമായ ആരോപണം ഉന്നയിച്ച് മുന്നോട്ട് വന്നു. ചില വനിതാ മാധ്യമപ്രവര്‍ത്തകര്‍കൂടി വൈരമുത്തുവിനെതിരെ രംഗത്തെത്തിയതോടെ മീ ടു കാംപയിന് കൊഴുത്തു. വൈരമുത്തുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നു. വൈരമുത്തുവാകട്ടെ ഈ ആരോപണങ്ങളെയെല്ലാം പൂര്‍ണ്ണമായി തള്ളിപ്പറയുകയും നിയമപരമായി ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അന്തിമവിധി കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം. ഇതിനോടകം ചിന്മയി ദേശീയ വനിതാകമ്മീഷന് മുമ്പാകെ പരാതിയും നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെ വൈരമുത്തുവിനെ പുരസ്കാര ജേതാവായി പരിഗണിച്ചത് അപമാനകരമാണെന്ന് പരാതി ഉയര്‍ത്തിയവര്‍ പറയുന്നു.
നീതിദേവതയ്ക്ക് മുന്നിലുള്ള വിഷയം നാളെ തീര്‍പ്പ് കല്‍പ്പിക്കപ്പെടും. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. മറിച്ചാണെങ്കില്‍ സംരക്ഷിക്കപ്പെടണം. അത് നീതിപൂര്വ്വംതന്നെ നടക്കട്ടെ. പക്ഷേ ഇവിടെ വൈരമുത്തുവിനെ പോലൊരാള്‍ പുരസ്കാരാര്‍ഹനായി തെരഞ്ഞെടുക്കപ്പെട്ടത് കാവ്യലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തിയാണ്. പത്താമത്തെ വയസ്സില്‍ കവിത എഴുതിക്കൊണ്ട് തുടങ്ങിയ സാഹിത്യജീവിതമാണ് വൈരമുത്തുവിന്റേത്. മുപ്പത്തിയേഴ് പുസ്തകങ്ങളുടെ രചയിതാവാണ്. അനേകം പുസ്തകങ്ങള്‍ വിദേശഭാഷയിലടക്കം മൊഴിമാറ്റം ചെയ്യപ്പെട്ടു. പതിനായിരത്തോളം സിനിമാഗാനങ്ങളെഴുതി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടി. പത്മശ്രീയും പത്മഭൂഷണുമൊക്കെ നല്കി രാജ്യം ആദരിച്ചു. കാവ്യസമ്രാട്ടെന്ന് വൈരമുത്തുവിനെ വിശേഷിപ്പിച്ചത് മുന്‍ പ്രധാനമന്ത്രികൂടിയായ വാജ്പെയിയാണ്. കാവ്യകലൈജ്ഞര് എന്ന വിശേഷണം അദ്ദേഹത്തെ ചൊല്ലിവിളിച്ചത് മുന്‍ രാഷ്ട്രപതികൂടിയായ എ.പി.ജെ. അബ്ദുള്‍കലാമാണ്. ഇതൊക്കെ മതി ഒ.എന്‍.വി. എന്ന കാവ്യപ്രതിഭയ്ക്കും അദ്ദേഹത്തിന്റെ പേരില്‍ നല്കുന്ന സാഹിത്യപുരസ്കാരത്തിനും വൈരമുത്തുവിനെ അര്‍ഹനാക്കാന്‍. അതല്ലാതെ വ്യക്തിവൈശിഷ്ട്യത്തിന് മേലാണെങ്കില്‍ നമ്മുടെ ഉന്നതരായ പല അവാര്‍ഡ് ജേതാക്കളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ടിവരും. അങ്ങനെയൊരു കീഴ്വഴക്കമുണ്ടായാല് ഇനിമുതല്‍ അവാര്‍ഡ് കമ്മിറ്റിക്കുമുന്നില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കേണ്ടവരും. പ്രാദേശിക കമ്മിറ്റികളില്‍നിന്ന് സദാചാര സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങേണ്ടിവരും.
ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടത് പരാതി ഉന്നയിച്ചവര്‍ തന്നെയാണ്. പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതിന്റെ പേരില്‍ വൈരമുത്തുവിന് നല്കിയ അവാര്‍ഡ് പുനഃപരിശോധിക്കേണ്ടിവരുമെന്നുള്ള ചെയര്‍മാന്റെ ശബ്ദവും ഒരു ‘കള്‍ച്ചര്‍’ കമ്മിറ്റിക്ക് ഒരിക്കലും ഭൂഷണമാണെന്ന് തോന്നുന്നില്ല.
Recent Comments