ജമ്മു കാശ്മീരിലെ ഭീകര ആക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് അതിര്‍ത്തി സംരക്ഷണ സേനയായ ബിഎസ്എഫില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തുന്നു. അതിന്റെ ഭാഗമായി ബിഎസ്എഫ് മേധാവിയെയും ഉപമേധാവിയെയും മാറ്റി. അതുവഴി പാക്കിസ്ഥാന് വന്‍ തിരിച്ചടി കൊടുക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും നീക്കിയ നിതിന്‍ അഗര്‍വാളിനെ കേരള കേഡറിലേക്ക് തിരിച്ചയച്ചു. ബിഎസ്എഫ് ഉപമേധാവിയായ വൈ ബി ഖുറാനിയയെയും സ്ഥാനത്തുനിന്ന് നീക്കി ഒഡിഷ കേഡറിലേക്കു തിരിച്ചയച്ചു. 2026 വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്‍വമാണ്. ഒഡിഷ കേഡറിലേക്ക് പോയ ഖുറാനിയ അവിടെ ഡിജിപിയാവാന് സാധ്യതയുണ്ട്. കേരള കേഡറില്‍ തിരിച്ചെത്തുമ്പോള്‍ നിതിന്‍ അഗര്‍വാളും കേരളത്തില്‍ ഡിജിപിയായേക്കാം.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിച്ചതും തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുമാണ് മേല്‍പ്പറഞ്ഞ രണ്ട് പേരെയും പുറത്താക്കുന്ന നടപടിയിലേക്കു കേന്ദ്ര സര്‍ക്കാരിനെ നയിച്ചതെന്നാണ് സൂചന. മോഡി മൂന്നാമത് പ്രധാനമന്ത്രിയായ ശേഷം ഏകദേശം പതിനെട്ടോളം ഭീകര ആക്രമണങ്ങള്‍ ജമ്മു കാശ്മീരില്‍ നടന്നു. നിരവധി സൈനികര്‍ വീരമൃത്യു വരിച്ചു. അതുകൊണ്ടാണ് ബിഎസ്എഫിന്റെ തലപ്പത്ത് അഴിച്ചു പണി നടത്തിയത്.
നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേരളത്തിലെ ഡിജിപിയായ ഷേക്ക് ദര്‍വേഷ് സാഹിബിന്റെ പിന്‍ഗാമിയായി നിതിന്‍ അഗര്‍വാളിനെ നിയമിക്കാനുള്ള സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു. 2024 ജൂലൈ 31 നു ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചെങ്കിലും ഒരു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ കാലാവധി നീട്ടികൊടുക്കുകയായിരുന്നു. ഇനി 2025 ജൂലൈ 31 വരെ ഷേക്ക് ദര്‍വേഷ് സാഹിബിനു തുടരാം. അതിനിടയില്‍ മാറ്റം സംഭവിക്കാമെന്നും പറയപ്പെടുന്നു.
കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍ സംസ്ഥാന ഡിജിപി പദവി ഉപേക്ഷിച്ചാണ് നിതിന്‍ അഗര്‍വാള്‍ കേന്ദ്ര സര്‍വീസിലേക്ക് പോയത്. തുടര്‍ന്ന് സിആര്പിയിലായിരുന്നു. അവിടെ നിന്നാണ് ബിഎസ്എഫ് മേധാവിയായത്. 1989 ഐപിഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. 2023 ജൂണ്‍ 12 നാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിതനായത്.
Recent Comments