നാളെ, ഞായറാഴ്ച (ഒക്ടോബർ 6 ) പി വി അൻവർ എംഎൽഎ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും അതിൽ അംഗമാവുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് കേരളം . അന്‍വറിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം .സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് അനുമാനം . സ്വതന്ത്രനായി ജയിച്ചയാള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കാമെന്നാണ് നിയമം പറയുന്നത് . പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയും ഇതാണ് .
ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ എന്നുള്ള ചോദ്യങ്ങൾ അതോടെയാണ് സജീവമായത് .
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്. ‘ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും’- എന്നാണ് ഇതിൽ പറയുന്നത്.
ഇതുപ്രകാരം പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം.
Recent Comments