ലോക് സഭ തെരഞ്ഞെടുപ്പു ഫലം അനുകൂലമായാലും പ്രതികൂലമായാലും സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്നുള്ള സൂചനകള്‍ ശക്തമായതോടെ അണിയറ നീക്കങ്ങളും സജീവമാവുകയാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സമഗ്രമായ അഴിച്ചുപണിക്കാണ് കേന്ദ്രനേതൃത്വം തയാറെടുക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി അഴിച്ചുപണി നടത്തിയാല്‍ അതുണ്ടാക്കുന്ന അമര്‍ഷവും ഗ്രൂപ്പ് വൈരവുമൊക്കെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നുള്ളതുകൊണ്ട് മുറിവുണക്കാന്‍ സമയം നല്കിക്കൊണ്ടുവേണം അഴിച്ചുപണി എന്ന ചിന്തയാണ് പെട്ടെന്നുള്ള പുനസംഘടനക്ക് കാരണം.
2021 ലുണ്ടായ കനത്ത തോല്‍വിയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റുവാനായിട്ടാണ് കെ. സുധാകരനെ മുല്ലപ്പള്ളിക്ക് പിന്‍ഗാമിയായി കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്. അധികാരം ഏറ്റെടുത്ത ആദ്യ ദിവസങ്ങളില്‍ സുധാകരന് നടത്തിയ പ്രസ്താവനകള്‍ എഐസിസിയുടെ തീരുമാനം തെറ്റിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു. സിയുസി എന്നും കേഡര്‍ സംവിധാനം എന്നുമൊക്കെ സുധാകരന് പ്രഖ്യാപിച്ചപ്പോള്‍ മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലിന് ജീവന്‍വയ്ക്കും എന്നായിരുന്നു പൊതുവെ ധാരണ. പക്ഷേ കാര്യങ്ങള്‍ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല.
സിയുസിയും സെമി കേഡറുമൊന്നും ഉണ്ടായില്ല
കെപിസിസി തലത്തിലോ ഡിസിസി തലത്തിലോ ഒന്നും പുനഃസംഘടന പോലും നടന്നില്ല. ബ്ലോക്ക് -മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന മാത്രമാണ് ആകെ നടന്നത്. അതുകൊണ്ടുതന്നെ ഇടതു സര് ക്കാരിനെതിരെ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പ്രതിപക്ഷമായി പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നു പാര്‍ട്ടിയില്‍ തന്നെ ശക്തമായ വിമര് ശനമുണ്ടായി. അങ്ങനൊരഭിപ്രായം എ ഐസിസി നേതൃത്വത്തിനുമുണ്ട്.
ആ ഒരു സാഹചര്യത്തിലാണ്, ശാരീരികാവശതയോ ചികിത്സയോ കാരണമായി പറഞ്ഞ് അവധിയില്‍ പോകുവാന്‍ ഒരുവര്‍ഷം മുന്‍പ് തന്നെ രാഹുല്‍ഗാന്ധി പറഞ്ഞത്. എന്നാല്‍ സുധാകരന്റെ അഭ്യര്‍ത്ഥന മാനിച്ചു ഈ തെരഞ്ഞെടുപ്പ് വരെ നീട്ടി നല്‍കുകയായിരുന്നു.
സുധാകരന്റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ ഒരിക്കല്‍ക്കൂടി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നും അതോടെ കേരളത്തില്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുമെന്നും എഐസിസി വിലയിരുത്തുന്നു. എട്ടു വര്‍ഷമായി ഭരണത്തിന് പുറത്തു നില്ക്കുന്ന യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പിലും പുറത്തു നില്ക്കേണ്ടിവന്നാല് ലീഗ് ഉള്‍പ്പടിയുള്ള ഘടക കക്ഷികള്‍ മുന്നണി വിടുമെന്നുള്ള കാര്യം ഉറപ്പാണ്. അവശേഷിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും കാര്യമായ ഒരു ഒഴുക്ക് ബിജെപിയിലേക്കുണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ്. അതൊഴിവാക്കാന് കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം അടിമുടി മാറണമെന്നാണ് എഐസിസി വിലയിരുത്തുന്നത്.
ആരാകും പിന്‍ഗാമി?
സുധാകരന് ഒഴിയും എന്ന് ഉറപ്പായതോടെ ആരാകും പുതിയ കെപിസിസി അധ്യക്ഷനാവുക എന്നുള്ള ചര്‍ച്ചകളും ചരടുവലികളും പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. ഭൈമി കാമുകര്‍ പലരും രംഗത്തുണ്ടെങ്കിലും, പാര്‍ട്ടി കോണ്‍ഗ്രസ് ആയതിനാല്‍ മറ്റെന്തിലുമുപരി ജാതി സമവാക്യം പ്രധാന കടകമാണ്. അങ്ങനെ നോക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനാണ് സാധ്യതയുള്ളതായി കാണുന്നത്. കാരണം കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇന്നോളം ഒരു ദലിതന് ആദ്യക്ഷ സ്ഥാനത്ത് വന്നിട്ടില്ല. മാറിയ സാഹചര്യത്തില്‍ അത് അനിവാര്യം ആകുമ്പോള്‍ കെപിസിസിയെ ഇനി കൊടിക്കുന്നില്‍ സുരേഷ് നയിക്കും എന്ന് പ്രതീക്ഷിക്കാം.
Recent Comments