ദേവിക ശേഖര്‍ (മഞ്ജു വാര്യര്‍). ചിത്രം: പത്രം
വിജയശാന്തിയും വാണീ വിശ്വനാഥുമെല്ലാം വില്ലന്മാരെ ഇടിച്ച് തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രേമില്‍ നില്ക്കുന്ന എല്ലാവരുടെയും നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവെക്കുന്നത് അത്ര നിസാരമല്ല. അതുകൊണ്ട് തന്നെ ആക്ഷന്‍ ഹീറോകളെക്കാള് മാസ് ഹീറോകള്‍ക്കാണ് പരമ്പരാഗതമായി ആരാധകര്‍ കൂടുതല്‍.
നേരത്തെ പറഞ്ഞ സ്ഫോടനശേഷി പ്രദര്‍ശിപ്പിക്കുന്ന ശ്രേണിയില്‍ വരുന്ന കഥാപാത്രങ്ങളില്‍ മലയാളത്തില്‍ ഒരു സ്ത്രീ കഥാപാത്രം മാത്രമെയുള്ളൂ. പത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച ദേവിക ശേഖര്‍ എന്ന കഥാപാത്രം. അതും സ്ഫടികം ജോര്‍ജ്ജ് മുതലായ ആജാനബാഹുക്കളുടെ മുന്നില്‍ ആകാരസൗഷ്ഠവമൊന്നുമില്ലാതെ തന്നെ തീപാറുന്ന ഡയലോഗുകള്‍ കണ്‍വിന്‍സിങ്ങായി അഭിനയിച്ച് ഫലിപ്പിക്കുന്നു.
രഞ്ജി പണിക്കരുടെ എഴുത്തിനും മുകളില്‍ ദേവിക ശേഖറിനെ പ്രതിഷ്ഠിക്കുന്നത് മഞ്ജുവാര്യരുടെ അഭിനയമാണെന്ന് പറയാം. ഇത്തരമൊരു കഥാപാത്രത്തിനെ സൃഷ്ടിക്കാന്‍ മഞ്ജുവിന്റെ താരമൂല്യം മുതല്‍ക്കൂട്ടായിട്ടുണ്ടാകണം.
വെറും ഡയലോഗടിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കഥാപാത്രമായല്ല ദേവികയെ ചിത്രീകരിച്ചിരിക്കുന്നത്. ‘റിബലൈസ് ഇന്‍സൈറ്റ്സ്’ ഉള്ളത് പോലെ തന്നെ ആര്‍ദ്രമായ വികാരങ്ങളിലൂടെയും കഥാപാത്രം കടന്ന് പോകുന്നു. മുറുക്കി കെട്ടിയ വീണ കമ്പികള്‍ പോലുള്ള കഥയെ പ്രസാദാത്മകമാക്കാനും ഈ കഥാപാത്രത്തിന് സാധിക്കുന്നു. ചിലയിടങ്ങളില്‍ സ്ത്രീ വീക്ഷണ കോണുകളും ഈ കഥാപാത്രത്തിലൂടെ എഴുത്തുകാരന് മുന്നോട്ട് വെക്കുന്നുണ്ട്.
കലങ്ങിയ കണ്ണുകളുമായി പ്രേക്ഷകന് മുന്നില്‍ ഭിക്ഷാപാത്രം നീട്ടുന്ന സ്ത്രീ അല്ലെങ്കില്‍ കൈക്കരുത്ത് കൊണ്ട് പുരുഷന്മാരുമായി അങ്കംവെട്ടുന്ന സ്ത്രീ, ഇത്തരം വാര്‍പ്പ് മാതൃകകളെ നിഷ്പ്രഭമാക്കുന്ന കഥാപാത്രസൃഷ്ടിയാണ് പത്രത്തിലെ ദേവിക. നായകന് അനലോഗസായി നില്ക്കുന്ന നായിക എന്ന തരത്തില്‍ ദേവിക എന്ന കഥാപാത്രം മലയാള സിനിമ ചരിത്രത്തില്‍ മങ്ങാതെ മായാതെ നില്ക്കുന്നു.
Recent Comments