രോഹിണി (ശ്രീവിദ്യ). ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച
മലയാള സിനിമയുടെ തുടക്ക കാലം മുതല്‍ സ്ത്രീ കേന്ദ്രികൃതമായ കഥകള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. സഹതാപം പ്രേക്ഷകരില്‍ നിന്ന് അപേക്ഷിക്കുന്ന വില്ലേജ് ഓഫീസറുടെ ഒപ്പുള്ള നീല കാര്‍ഡുമായാണ് പലപ്പോഴും അത്തരം കഥാപാത്രങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. വിധിയുടെ കരാളഹസ്തങ്ങളാണ് അവരെ ഇതിന് അര്‍ഹരാക്കുന്നത്.
ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച എന്ന എംടിയുടെ ചെറുകഥയിലെ നായികയും ജീവിത സാഹചര്യങ്ങളുടെ ഇടയില്‍ കുറച്ചെങ്കിലും സഹതാപം ആവശ്യപ്പെടുന്ന കഥാപാത്രമാണ്. പക്ഷേ ചെറുകഥ സിനിമയായപ്പോള്‍ ആ കഥാപാത്രത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്.
കൂടാതെ നായിക കഥാപാത്രത്തിനെ കൂടുതല്‍ നന്നായി രേഖപ്പെടുത്താനും കഴിഞ്ഞു. ഡയലോഗുകളില്ലാതെ ചില നോട്ടങ്ങളിലൂടെ പോലും കഥാപാത്രം പ്രേക്ഷകനോട് സംസാരിക്കുന്നു. ചെറുകഥയില്‍ ഇല്ലാത്ത അന്ന കരീനയുടെ റെഫറന്‍സ് ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്കുന്നു.
ശ്രീവിദ്യ അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രത്തിന്റെ റെപ്രസെന്റേഷനുള്ള വെറൊരു കഥാപാത്രവും ഈ കാലയളവില്‍ മലയാളത്തില്‍ വന്നിട്ടില്ലെന്നത് ചിത്രത്തിന്റെ പ്രസക്തി സൂചിപ്പിക്കുന്നു. സമൂഹത്തിനിടയിലുള്ള ‘മിണ്ടാ പൂച്ചകളെ’ വ്യക്തമായി അടയാളപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു. രോഹിണി ശക്തമായ ഒരു സ്ത്രീ കഥാപാത്രമൊന്നുമല്ല. ഒരു സ്ത്രീയുടെ അഥവാ ‘മിണ്ടാ പൂച്ചകളുടെ’ ദൗര്‍ബല്യങ്ങളുടെ പ്രതീകമാണ് അവര്‍. ഈ ദൗര്‍ബല്യങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിലാണ് ഈ ചിത്രം വ്യത്യസ്തമായി നില്‍ക്കുന്നത്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഒന്നില്‍ കൂടുതല്‍ ലെയറുകളുള്ള എംടിയുടെ തിരക്കഥയാണ് ഇത്. വിശ്വമഹാക്ഷേത്രത്തില് എന്ന് തുടങ്ങുന്ന ഗാനം മനസ്സിലാക്കാന്‍ കഴിയുന്ന പ്രേക്ഷകന് കൂടുതല്‍ ആ കഥാപാത്രത്തിനെ അറിയാന്‍ സാധിക്കുന്നു. അതുപോലെ അനവധി ‘ബ്രില്ല്യന്‍സുകള്‍’ തിരക്കഥയില്‍ ഉടനീളം കാണാം. പക്ഷേ ഇതൊന്നു വായിച്ചെടുക്കാന്‍ കഴിയാത്ത പ്രേക്ഷകനും ചിത്രമെന്താണെന്ന് മനസ്സിലാകും.
അന്നത്തെ സദാചാരബോധത്തിന് അംഗീകരിക്കാന്‍ കഴിയാത്ത സ്ത്രീയുടെ വികാര വിചാരങ്ങളെ ഒരു വാണിജ്യ സിനിമയില്‍ ചിത്രീകരിച്ചു എന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്. ആരും ശ്രദ്ധിക്കാന്‍ മെനക്കെടാത്ത മിണ്ടാ പൂച്ചകളെ അടയാളപ്പെടുത്തുന്നതിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ സിനിമകളില്‍ ഒന്നാണ് എംടി സൃഷ്ടിച്ചെടുത്തത്.
അടുത്ത കഥാപാത്രം: ഇന്ദിര (ഗീത). കൂടുതല്‍ വായിക്കാന്‍ ഈ LINK ല്‍ ക്ലിക്ക് ചെയ്യുക
Recent Comments