രുഗ്മിണി കുഞ്ഞമ്മ (രോഹിണി ഹട്ടങ്കടി). ചിത്രം അച്ചുവേട്ടന്റെ വീട്
ഈ അടുത്ത് നടന്ന ചലച്ചിത്ര മേളയില്‍ ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ ഒന്നും ഇല്ല എന്നത് വിവാദമായിരുന്നു. കലാമൂല്യം വിലയിരുത്തുമ്പോള്‍ മേനോന്റെ ചിത്രങ്ങളില്‍ സമാന്തരങ്ങളെക്കാള് മുമ്പ് പറയേണ്ട ചിത്രമാണ് അച്ചുവേട്ടന്റെ വീട്. പക്ഷേ എന്തുകൊണ്ടോ അര്‍ഹിക്കുന്ന അത്രയും പ്രാധാന്യവും വായനകളും ചിത്രത്തിന് ഇന്നും ലഭിച്ചിട്ടില്ല. മലയാള സിനിമയില്‍ സ്ത്രീ സമൂഹത്തെ കുറിച്ച് പറഞ്ഞ സിനിമകളില്‍ ഒരു നാഴികക്കല്ലാണ് അച്ചുവേട്ടന്റെ വീട്.
പ്രത്യക്ഷത്തില്‍ ഒരു സാധാരണ കുടുംബ ചിത്രമായാണ് ഈ ചിത്രവും അനുഭവപ്പെടുക. പക്ഷേ വളരെ അന്തര്‍ലീനമായി അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയിലെ സ്ത്രീ സമൂഹത്തിനെ ചിത്രം വരച്ചിടുന്നുണ്ട്.
എന്നാല്‍ ചിത്രം മുന്നോട്ട് നീക്കുന്നത് പുരുഷന്മാരാണ്. നെടുമുടിയുടെയും മേനോന്റെയും കഥാപാത്രങ്ങളാണ് സൂത്രധാരന്മാര്. പുരുഷന്മാരിലൂടെ സ്ത്രീകളുടെ കഥ പറയുക എന്ന രചനാതന്ത്രമാണ് മേനോന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഒരു ന്യൂജെന്‍ സിനിമയുടെ രചയിതാവിന്റെ കണ്ടെത്തലായി ഈ തന്ത്രത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയും ചില നിരൂപകരും ശ്രമിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ തന്നെ മേനോന് പരീക്ഷിച്ച് വിജയിച്ച സ്ഥലത്താണ് ഇത്തരം അവകാശവാദങ്ങള്‍ നട്ടുമുളപ്പിക്കുന്നത്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള ചിത്രമാണ് മികച്ച സ്ത്രീ സിനിമ എന്നത് മിഥ്യാധാരണ മാത്രമാണ്. ഈ ചിത്രത്തില്‍ താരതമ്യേന ശക്തി കുറഞ്ഞ സ്ത്രീകളെ അഥവാ സമൂഹത്തില്‍ അവര്‍ നിലനിന്നിരുന്ന ശക്തിയില്‍ തന്നെ ചിത്രീകരിക്കാനാണ് മേനോന് ശ്രമിച്ചിരിക്കുന്നത്.
മാറി വന്ന സാമൂഹിക സാഹചര്യങ്ങളില്‍ ചിത്രത്തിന്റെ പ്രസക്തി കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ പ്രമേയം ചെറിയ അളവിലാണെങ്കില്‍ കൂടി ഇന്നും നിലനില്‍ക്കുന്നതാണ്. ചിത്രത്തിലെ ഏറ്റവും മനോഹരമായ ഭാഗം ക്ലൈമാക്സാണ്. അസാധാരണമായി ഒന്നുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന സ്ത്രീയെ കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്.
ഈ ചിത്രത്തിന്റെ ക്ലൈമാക്സില്‍ സ്ത്രീകള്‍ പുരുഷന്മാരെ തെറി വിളിക്കുന്നില്ല. പുരുഷന് മുകളില്‍ സ്ത്രീ സര്‍വാധിപത്യം നേടി എന്ന തരത്തിലുള്ള ബിംബ കല്പനകളുമില്ല. ഇവയെല്ലാമാണ് നവയുഗ മലയാള സിനിമയില്‍ സ്ത്രീ സിനിമകളെ അളക്കുവാനുള്ള അളവ് കോല്. ഇത്തരം കാപട്യങ്ങള്‍ക്ക് പകരം വളരെ റിയലസ്റ്റിക്ക് പ്ലെയിനിലാണ് മേനോന് ക്ലൈമാക്സ് പ്ലേസ് ചെയ്തിരിക്കുന്നത്.
ചിത്രീകരിക്കുന്ന ക്യാമറയുടെ മുമ്പില്‍ നിന്ന് സ്ത്രീകള്‍ പുറത്തേക്ക് വരുന്ന കെ.ജി. ജോര്‍ജ്ജ് സിനിമകള്‍ മാത്രമല്ല മലയാളത്തിലുള്ളത്. വ്യത്യസ്ത തലങ്ങളില്‍ നിന്ന് കൊണ്ട് സമൂഹത്തിനെ ക്യാമറയിലേക്ക് ഒപ്പിയെടുത്തവരും പ്രശംസ അര്‍ഹിക്കുന്നുവെന്ന് മലയാള സിനിമ സമൂഹവും ചലച്ചിത്ര മേളകളും തിരിച്ചറിയണം.
അടുത്ത കഥാപാത്രം: രോഹിണി (ശ്രീവിദ്യ) കൂടുതല്‍ വായിക്കാന്‍ ഈ LINK ല്‍ ക്ലിക്ക് ചെയ്യുക
Recent Comments