മങ്കി പെന്‍, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി ജൂണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും മലയാളത്തിലെ ആദ്യ ഒടിടി ചിത്രമായ സൂഫിയും സുജാതയും 2021 ലെ ജനപ്രിയ ചിത്രമായ ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രംകൂടി റിലീസിനായി ഒരുങ്ങുകയാണ്. ചിത്രം വാലാട്ടി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് രാവിലെ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കൂടിയാണ് വാലാട്ടി.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രംകൂടിയാണിത്.
ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. അവര്‍ ആരൊക്കെയെന്ന് തല്ക്കാലം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരുണ്‍ സുനില്‍ സംഗീതം നല്‍കിയിരിക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.
നായ്ക്കുട്ടികളെ വളര്‍ത്താനും ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തിലേറെ സമയമാണ് എടുത്തിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു. തന്റെ സ്വപ്ന ചിത്രമാണിതെന്ന് സംവിധായകന് ദേവനും പ്രതികരിച്ചു. വിഷ്ണു പണിക്കരാണ് ഛായാഗ്രാഹകന്‍.
വാലാട്ടി വേനല്‍ അവധിക്ക് തീയറ്ററുകളില്‍ എത്തും. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷിബു ജി. സുശീലന്. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments