19 യൂണിയനുകളാണ് ഫെഫ്കയ്ക്ക് കീഴിലുള്ളത്. അതിലൊന്നാണ് റൈറ്റേഴ്സ് യൂണിയന്. റൈറ്റേഴ്സ് യൂണിയനുവേണ്ടി അമ്മയുമായി സഹകരിച്ച് ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെഫ്ക. റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട് ശേഖരണാര്‍ത്ഥമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡയറക്ടേഴ്സ് യൂണിയനുവേണ്ടിയും സിനിമ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ആദ്യം യാഥാര്‍ഥ്യമാകുന്നത് റൈറ്റേഴ്സ് യൂണിയന്റെ സിനിമ തന്നെയായിരിക്കും.
റൈറ്റേഴ്സ് യൂണിയന് ചിത്രം സംവിധാനം ചെയ്യുന്നത് വേണുവാണ്. കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ഇന്ദുഗോപനും. എഴുത്ത് ജോലികള്‍ പൂര്‍ത്തിയായി. കൊമേഴ്സ്യല്‍ സിനിമയായിരിക്കുമെന്നാണ് അറിയുന്നത്.
പൃഥ്വിരാജും ആസിഫ് അലിയും മഞ്ജുവാര്യരും അന്നാ ബെന്നുമാണ് താരനിരയില്‍. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. കോവിഡ് രണ്ടാംവ്യാപനത്തെത്തുടര്ന്ന് താരങ്ങളുടെ ഡേറ്റുകള്‍ മാറിമറിഞ്ഞിരിക്കുകയാണ്. അത് ഈ സിനിമയുടെ ചിത്രീകരണത്തെയും ബാധിക്കാനിടയുണ്ട്. ഏതായാലും ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിംഗ് നടക്കും.
മറ്റു യൂണിയനുകളില്‍നിന്ന് വ്യത്യസ്തമായി നിരവധി സഹായങ്ങളാണ് റൈറ്റേഴ്സ് യൂണിയന് അവരുടെ അംഗങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ ഇക്കാര്യം പരസ്യപ്പെടുത്താന്‍ അവര്‍ ഇന്നോളം തയ്യാറായിട്ടില്ല. അന്തരിച്ച പി. ബാലചന്ദ്രന് ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ റൈറ്റേഴ്സ് യൂണിയന് സാമ്പത്തിക സഹായം എത്തിച്ചുനല്‍കി എന്ന കാര്യം അദ്ദേഹത്തിന്റെ മകന് പറഞ്ഞിട്ടാണ് ഞങ്ങള്‍പോലും അറിഞ്ഞത്. ഇങ്ങനെ ഒട്ടനവധി സഹായങ്ങള്‍ യൂണിയനിലെ മറ്റ് അംഗങ്ങള്‍ക്കും അവര്‍ ചെയ്യുന്നുണ്ടാവണം. അതിന് അവരിട്ടിരിക്കുന്ന പേര് ‘സ്നേഹ’മാണെന്നുമാത്രം അറിയാം.
റൈറ്റേഴ്സ് യൂണിയനുവേണ്ടി സിനിമ നിര്‍മ്മിക്കുന്നത് പുറത്തുനിന്നുള്ള ഒരു നിര്‍മ്മാതാവാണ്. ഒരു നിശ്ചിത വിഹിതം നിര്‍മ്മാതാവ് റൈറ്റേഴ്സ് യൂണിയന് മുന്‍കൂറായി നല്‍കണം. കോര്‍ഡിനേഷന്‍ ചെയ്യേണ്ട ദൗത്യമാണ് ഫെഫ്കയ്ക്കുള്ളത്. താരസംഘടനയുമായി സഹകരിച്ചാണ് സിനിമ ചെയ്യുന്നതെങ്കിലും എല്ലാ താരങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നുണ്ട്.
Recent Comments