ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. വ്യക്തമാക്കി.
മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയകുമാർ ഇക്കാര്യം ഓർമിപ്പിച്ചത്.
മലയാളത്തിൻ്റെ പ്രിയപ്പെട്ട ഒരു കവിയായിരുന്നു ആ ഗാനത്തിൻ്റെ രചയിതാവ്. അദ്ദേഹത്തിനു പോലും അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. താനും പുതിയ തലമുറക്കൊപ്പം പാട്ടുകളെഴുതാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ പഴഞ്ചനാണെന്നു പറഞ്ഞു പിന്നോട്ടു പോകേണ്ടല്ലോ?- ജയകുമാർ വ്യക്തമാക്കി.
ശൈലശ്രീ മൂവി ക്രിയേഷൻസിൻ്റെ ബാനറിൽ സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ആഡിയോ ലോഞ്ച് പ്രകാശന വേളയിലാണ് അദ്ദേഹത്തിൻ്റെ ഈ വെളിപ്പെടുത്തൽ.
അതിനു വിപരീതമായി ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
” ഈ സിനിമയിൽ സംവിധാനവും ക്യാമറയും ഒഴിച്ച് എല്ലാ മേഖലയിലും കൈവച്ച തൻ്റെ മുൻസഹപ്രവർത്തകനും, അതിർത്തി രക്ഷാ സേനയിലെ ഡപ്യൂട്ടി കമാൻ്റർ പദവിയിൽ നിന്നും സ്വയം വിരമിച്ച ശ്രീനിവാസൻ നായർ ഇതിനു മുമ്പു തന്നെ സിനിമ ലോകത്ത് എത്തപ്പെടേണ്ടതായിരുന്നുവെന്ന് മുൻ ഡി.ജി. ഋഷിരാജ് സിംഗും തദവസരത്തിൽ ആശംസകൾ അർപ്പിച്ച് പറഞ്ഞു.
ശ്രീനിവാസൻ നായർ രചിച്ച്, അനിൽ കൃഷ്ണ രവീന്ദ്രൻ തിരുവല്ല, വിഷ്ണു എന്നിവർ ഈണമിട്ട്, സജീവ് സി.വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗാ ലഷ്മി എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടത്.
പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി. സുകുമാർ, സംവിധായകൻ വിക്കി തമ്പി, എന്നിവരും ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ ഉന്നത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കടമകൾ മറക്കുന്ന പിൻ തലമുറക്കാരെ, സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന മാതാപിതാക്കളുടെ ജീവിതമാണ് ഹൃദയഹാരിയായ മുഹൂർത്തേങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ നായർ, മായാവി ശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ശ്രീനിവാസൻനായരുടെ കഥക്ക് മനു തൊടുപുഴയും (പുരുഷ പ്രേതം ഫെയിം) ശ്രീനിവാസൻ നായരും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു. നിർമ്മാണ നിർവ്വഹണം – അനുക്കുട്ടൻ ഏറ്റുമാനൂർ. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.
Recent Comments