കെജിഎഫ് 2 റിലീസ് ചെയ്യുന്നതിനു മുന്‍പാണ് യാഷ് ബ്രാന്‍ഡ് അംബാസഡറായ ക്വാച്ചി ടിവിയുടെ പരസ്യചിത്രം ഞാന്‍ ചെയ്യുന്നത്. ആദ്യം ബോംബെയില്‍ പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് കൊറോണയെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കേണ്ടിവന്നു. പിന്നീട് കേരളത്തിലാണ് ചിത്രീകരിച്ചത്.
ഒരു പരസ്യചിത്രമായിരുന്നിട്ടുകൂടി ആദ്യ ഡിസ്കഷന് മുതല്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചും ഷോട്ടുകളെക്കുറിച്ചും ഇത്രയധികം പഠിച്ച് സജഷനുകള്‍ പറയുന്ന ഒരു നടനെ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഞാന്‍ ചെയ്ത ഇരുന്നൂറോളം പരസ്യചിത്രങ്ങളിലും കണ്ടിട്ടില്ല. അണ്റിയല് എഞ്ചിന് ടെക്നോളജിയും സ്പെഷ്യല്‍ വിഎഫ്എക്സും സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി ചിത്രീകരിക്കുന്ന പരസ്യം കൂടിയാണ് ക്വാച്ചി ടിവിയുടേത്. നൂതന പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതില്‍ അഭിനയിക്കുന്ന നടീനടന്മാരുടെ സഹകരണമാണ് ഏതൊരു സംവിധായകനേയും ക്യാമറാമാനെയും സംബന്ധിച്ച് നിര്‍ണ്ണായകം. തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ കൊച്ചിയില്‍ ഇറങ്ങിയ യാഷിന് രണ്ടോമൂന്നോ മണിക്കൂറുകള്‍ മാത്രമാണ് ഷൂട്ടിംഗിനുവേണ്ടി മാറ്റിവയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ തന്റെ സമയപരിമിതിയെക്കുറിച്ച് യാഷ് മറന്നുപോയി.
ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യയില്‍ ആകൃഷ്ടനായ യാഷ് പിന്നീട് എന്നെയും ക്യാമറാമാന് ജോമോന് ടി ജോണിനെയും അണ്റിയല് വിഎഫ്എക്സ് സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ കൗതുകത്തോടെയും ടെക്നോളജിയുടെ ഓരോ കാര്യവും ചോദിച്ചു മനസ്സിലാക്കിയും എടുത്ത ഷോട്ടുകള്‍ തൃപ്തിയാകാതെ വീണ്ടും എടുക്കാമോ എന്ന് റിക്വസ്റ്റ് ചെയ്തും യാഷ് ഞങ്ങള്‍ക്കൊപ്പം നില്ക്കുമ്പോള് ഞാന്‍ തിരിച്ചറിഞ്ഞത് ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവുകളാണ്. ഒന്നും അറിയില്ല എന്നു പറയുമ്പോഴും പുതിയ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുമ്പോഴും നിറകുടം തുളുമ്പില്ല എന്നതുപോലെയായിരുന്നു എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ ജ്ഞാനം. ഒരു തികഞ്ഞ പെര്‍ഫെക്ഷനിസ്റ്റ്, പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള കഠിനശ്രമങ്ങള്‍, നിരന്തരമായ ഉത്സാഹം, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണം ഇതെല്ലാം യാഷിന്റെ ശീലമാണെന്ന് ഞാന്‍ മനസ്സിലാക്കി. കെ.ജി.എഫ് 2 ചരിത്ര വിജയമായി വരുമ്പോള്‍ എനിക്ക് ഉറപ്പായും അറിയാം അത് ഒരു മികച്ച സംവിധായകന് ഒരു അസാമാന്യ ടാലന്റുള്ള നടനെ ഒപ്പം ലഭിച്ചതുകൊണ്ടുകൂടി ഉണ്ടായ വിജയമാണ്.
ഓരോ ഷോട്ടിന്റെയും പൂര്‍ണ്ണതയ്ക്കുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും ത്യാഗം ചെയ്യാനും മടിയില്ലാത്ത നടന്, തന്റെ വിജയം സുനിശ്ചിതം എന്ന് മുമ്പേ തന്നെ എഴുതിവയ്ക്കുന്ന നടന്, അതാണ് യാഷ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ക്വാച്ചിയുടെ ചെയര്മാന് അബ്ദുല്‍ കരീം എന്നോട് പറഞ്ഞത് വിജയത്തിന്റെ ഫോര്‍മുല എന്താണ് എന്ന് അറിയുന്ന നടനാണ് യാഷ് എന്നാണ്. മാസ്സ് ഹീറോ എന്ന ആറ്റിറ്റിയൂടിലും മറ്റുള്ളവരോടുള്ള ബഹുമാനം, മര്യാദ എന്നത് എങ്ങനെയാവണം എന്നതിലും യാഷ് മാതൃകയാകുന്നു.
Recent Comments