ഇന്നലെ ഇന്‍സ്റ്റയിലും തൊട്ടുപിന്നാലെ ഫേസ്ബുക്കിലുമായി നടന് ജയസൂര്യ കുറിച്ച രസകരമായ വാക്കുകളാണിത്. ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടില്‍ പെട്ടുപോയ താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സൂംമീറ്റിംഗിന് എത്തിയ പടം പങ്കുവച്ച് ജയസൂര്യ കുറിച്ചത് ഇങ്ങനെയായിരുന്നു.
ജയസൂര്യയുടെ ഭാഷയില്‍ ആ നാല് ഫീകരപ്രവര്‍ത്തകര്‍ ആരൊക്കെയാണന്നല്ലേ? പൃഥ്വിരാജും ഇന്ദ്രജിത്തും നരേനും പിന്നെ ജയസൂര്യയും. മുമ്പുതന്നെ പരസ്പരം അറിയാമെങ്കിലും ഇവരുടെ സൗഹൃദം ദൃഢപ്പെടുന്നത് ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ്. ക്ലാസ്മേറ്റ്സിലെ സുകുമാരനും പയസ് ജോര്‍ജും മുരളിയും സതീശന് കഞ്ഞിക്കുഴിയുമാണ് ഇവര്‍ യഥാക്രമം. മലയാളികള്‍ ഉള്ളടത്തോളംകാലം ആ സിനിമയെയും കഥാപാത്രങ്ങളെയും ഒരിക്കലും മറക്കുകയില്ല. അത്രയേറെ അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവരാണവര്‍.
ക്ലാസ്മേറ്റ്സിനുശേഷവും അവരുടെ സൗഹൃദം തുടര്‍ന്നു. ക്ലാസ്മേറ്റ്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ. പൃഥ്വിയും ഇന്ദ്രനും നരേനും ജയനുമാണ് അതിലെ അംഗങ്ങള്‍. മറ്റാരെങ്കിലും ചേരണമെന്നാവശ്യപ്പെട്ട് അവരെ സമീപിച്ചിട്ടില്ല. അവരൊട്ട് ആരേയും സമീപിക്കാനും പോയിട്ടില്ല. അതുകൊണ്ട് ആ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.
എല്ലാ വര്‍ഷവും അവരുടെ ഒത്തുകൂടലുണ്ടാവും. ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും. അല്ലെങ്കില്‍ തനിച്ച്. ഒരിക്കല്‍ ജയസൂര്യയുടെ വീട്ടിലും മറ്റൊരിക്കല്‍ ഇന്ദ്രജിത്തിന്റെ വീട്ടിലുംവച്ചായിരുന്നു അവരുടെ കുടുംബസംഗമം.
കഴിഞ്ഞ കോവിഡ് കാലത്താണ് അവര്‍ ആദ്യമായി ഒരു സൂം മീറ്റിംഗിനെത്തിയത്. പരസ്പരം കണ്ടിട്ടും സംസാരിച്ചിട്ടും ദിവസങ്ങള്‍ ഏറെയായിരുന്നു. അന്ന് പൃഥ്വിരാജ് ജോര്‍ദാനിലായിരുന്നു. ബ്ലെസിയുടെ ആടുജീവിതവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പെട്ടുപോയതായിരുന്നു പൃഥ്വി. സൂം മീറ്റിംഗിലൂടെ അവര്‍ കാര്യങ്ങള്‍ പങ്കുവച്ചു.
കോവിഡിന്റെ രണ്ടാം വരവ് ശക്തി പ്രാപിച്ചതോടെ കേരളത്തിലും തമിഴ്നാട്ടിലുമടക്കം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടില്‍നിന്ന് ആര്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ജയസൂര്യയാണ് ഇത്തവണ സൂംമീറ്റിംഗിന് മുന്‍കൈ എടുത്തത്. ഓരോരുത്തരെയായി മെസ്സേജ് ചെയ്തു. പൃഥ്വി ജിമ്മിലായിരുന്നു. വര്‍ക്കൗട്ട് കഴിഞ്ഞുവന്നതിനു പിന്നാലെ ആ നാല്‍വര്‍സംഘം സൂം മീറ്റിംഗിനിരുന്നു. സീരിയസ് വര്‍ത്തമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുസൃതിയും തമാശയുമായി കുറേയേറെ നിമിഷങ്ങള്‍. അവരത് ആസ്വദിക്കുകയായിരുന്നു. അവരുടെ ചിരിയില്നിന്ന് അത് പ്രകടമാണ്. ഇനിയൊരു കോവിഡ് കാലം വരരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് അവര്‍ തല്ക്കാലം പിരിഞ്ഞത്.
Recent Comments